
ഈശോയിൽ ഏറ്റവും പ്രിയപ്പെട്ടവരെ, മൂന്നുവർഷത്തെ ഈ ഇടവകയിലെ സേവനവും കഴിഞ്ഞ് മറ്റൊരിടത്തേക്ക് യാത്രയാവുകയാണ്. കടന്നു പോകുമ്പോൾ നന്ദിയുടെ ഒരു വാക്ക്. പരസ്പരം കാണുവാനോ, വരുവാനോ, കഴിയാതിരുന്ന ഒരു കാലഘട്ടത്തിൽ സേവനം തുടങ്ങിയവരാണ് നാം. രോഗവും ഏകാന്തതയും മരണവും എല്ലാം ഇതിൻറെ ഭാഗമായിരുന്നു. എങ്കിലും ദൈവത്തിൽ ആശ്രയിച്ചു കൊണ്ട് പരസ്പരം സഹായിക്കുവാൻ, സേവനം ചെയ്യുവാൻ, നാം പരിശ്രമിക്കുകയായിരുന്നു. ഈ നിമിഷം വരെ, വ്യത്യസ്തമായ സ്വഭാവത്തിലും, കാര്യങ്ങളിലും, പ്രവർത്തനങ്ങളിലും, സേവനങ്ങളിലും, എന്നോടൊപ്പം ആയിരുന്ന എല്ലാവർക്കും നന്ദി🙏 ഒന്നും നഷ്ടമായിരുന്നില്ല എന്ന ചിന്തയോട് കൂടി തന്നെയാണ് കടന്നു പോകുന്നത്. അനുഭവങ്ങൾ ഒത്തിരി കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. കുറവുകൾ കൂടെയുണ്ടായിരുന്നു. എങ്കിലും നിറവിന്റെ നാഥനോടൊപ്പം ഒന്നിച്ചായിരിക്കുവാൻ നാം പരിശ്രമിക്കുകയായിരുന്നു. ഈ കൂടെ നടപ്പ് നഷ്ടപ്പെടുത്താതെ നമുക്ക് സൂക്ഷിക്കാം. ഉത്തരവാദിത്വത്തിന്റെ ഭാഗമായി ആർക്കെങ്കിലും ഒക്കെ സങ്കടങ്ങളുടെ നിമിഷങ്ങൾ വന്നു പോയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണ്. പക്ഷാഭേദമില്ലാതെ പ്രവർത്തിക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ല. എങ്കിലും, എനിക്കുവേണ്ടി നിരന്തരം പ്രാർത്ഥിക്കുന്ന, കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച, ഒരു കൂട്ടം ഉണ്ടായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. ഇടവകയിലെ കൊച്ചച്ചന്മാർക്കും, കേന്ദ്ര സമിതി അംഗങ്ങൾക്കും, കുടുംബ യൂണിറ്റ്, ബ്ലോക്ക് ഭാരവാഹികൾക്കും, ഇടവകയിലെ ഓരോ അംഗത്തിനും, ഈ അവസരത്തിൽ നന്ദി പറയുകയാണ്🙏 കടന്നു പോകലും പുതിയതിന്റെ വരവും ജീവിതത്തിൻറെ ഭാഗമാണ്. പുതിയതിനോട് ഒപ്പം ചേരാം… പഴയതിലെ നന്മകൾ നഷ്ടപ്പെടുത്താതിരിക്കാം….കൂടെ ആയിരിക്കാം… പരസ്പരം പ്രാർത്ഥിക്കാം…. സഹകരിക്കാം. അനാവശ്യമായ വിമർശനങ്ങളും വിഘടനങ്ങളും തെറ്റായ അരൂപീകളുടെ പ്രവർത്തനങ്ങളും തിരിച്ചറിഞ്ഞ് ദൈവാത്മാവിനോടൊപ്പം ആയിരിക്കാം. പുതിയ ഭരണസമിതിയും ആത്മീയ നേതൃത്വവും പ്രവർത്തനം തുടങ്ങുമ്പോൾ വികാരിയച്ചനും കൊച്ചച്ചനും അവരുമായി ചേർന്ന് പ്രവർത്തിക്കുന്ന എല്ലാവർക്കും ദൈവാനുഗ്രഹം ആശംസിക്കുന്നു🙏
ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി🙏സ്നേഹത്തോടെ,നന്ദിയോടെ,

ഫാദർ. ടൈറ്റസ് കാരിക്കശ്ശേരി ഒ. സി. ഡി.